തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ആവേശത്തിലാണെങ്കിലും ആശങ്കയും ഉദ്വേഗവും ഒട്ടുംകുറവല്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലം യുഡിഎഫ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും പെട്ടിപൊട്ടിയാല് മാത്രമേ വിജയം ഉറപ്പിക്കാനാകൂ എന്നതാണ് സ്ഥിതി.
ഇവിടെ യുഡിഎഫുംഎല്ഡിഎഫും തമ്മിലാണ് മത്സരമെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനാണ് എന്‍ഡിഎയുടെ ശ്രമം. ജില്ലയിലെ എക്സിറ്റ്പോള്‍ ഫലം എല്‍ഡിഎഫ് പൂര്‍ണമായും തള്ളിക്കളയുകയാണ്.
ജില്ലയില്‍ യുഡിഎഫ് മൂന്നു സീറ്റുകളിലും എല്‍ഡിഎഫ് രണ്ടുസീറ്റുകളിലും വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അഞ്ചുസീറ്റുകളും ഇത്തവണ പിടിക്കുമെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷംവരെ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള പീരുമേട് യുഡിഎഫിന് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തുമ്പോഴും ഇടുക്കിയും ഉടുമ്പന്‍ചോലയും ദേവികുളവും വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.
നിലവില്‍ എല്‍ഡിഎഫ്-04, യുഡിഎഫ്-01 എന്നതാണ് ജില്ലയിലെ കക്ഷിനില. തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും യുഡിഎഫാണ് ഭരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിന് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിലെ സാഹചര്യം മാറിയെന്നും സര്‍ക്കാര്‍വിരുദ്ധ തരംഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
വോട്ടെടുപ്പിനു ശേഷം ബൂത്തുതല കണക്കുകള്‍ ഇഴകീറി പരിശോധിച്ചാണ് മുന്നണികള്‍ ജയം അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമോയെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.